Articles Cover Story Details

ലക്കും ലഗാനുമില്ലാത്ത അടിയന്തരാവസ്ഥ

Author : എകെജി

calender 26-08-2025

അപ്പോൾ ഗവൺമെന്റ്‌ നടപടികൾ ആർക്കെതിരായാണ്‌ ഉപയോഗിക്കുന്നത്‌? അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ ഗവൺമെന്റ് കൈക്കൊണ്ട നടപടികൾ അർഥശങ്കക്കിടയില്ലാത്ത വിധം കാണിക്കുന്നത് ഊന്നൽ ജനങ്ങൾക്കെതിരായിട്ടാണ് എന്നുള്ളതാണ്. ജനങ്ങൾക്ക് ലഭ്യമായിരുന്ന ജനാധിപത്യാവകാശങ്ങൾ പോലും പൂർണമായി തുടച്ചു നീക്കപ്പെട്ടിരിക്കയാണ്. മൗലികാവകാശങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഭരണഘടനയുടെ മൂന്നാം അധ്യായം മൃതാക്ഷരങ്ങളായി തീർന്നിരിക്കുന്നു. 14, 22 വകുപ്പുകൾ സസ്പെന്റ് ചെയ്തിരിക്കയാണ്. ഭരണഘടനയിലെ മറ്റു ചില വകുപ്പുകളും സസ്പെന്റ് ചെയ്യാനുള്ള ഒരു ബിൽ കൊണ്ടുവരാൻ പോകുന്നുവെന്ന് ഇന്നത്തെ പത്രങ്ങളി ലുണ്ട്. ഭരണഘടന മുഴുവൻ മാറ്റിക്കൂടെ? അല്ലെങ്കിലിത് വലിച്ചെറിഞ്ഞ് അധികാരം മുഴുവൻ പ്രധാനമന്ത്രിയുടെ കൈകളിൽ കേന്ദ്രീകരിച്ചുകൂടെ? ഇപ്പോൾ ഓരോ ദിവസവും ഭരണഘടനാ ഭേദഗതികൾ വരുന്നു. ഓരോ മണിക്കൂറും ഓരോ നിമിഷവും. അതിന്റെ അർഥം നിയമത്തിന്റെ മുൻപിൽ തുല്യത പോലും ഇല്ലെന്നാണ്. എക്സിക്യൂട്ടീവിന് എന്തു വിവേചനവും കാണിക്കാം. അറസ്റ്റ് ചെയ്ത ഒരാളേയും കോടതിയിൽ ഹാജരാക്കേണ്ടതില്ല. അയാളുടെ അറസ്റ്റും, എവിടാണെന്ന വിവരവും അയാളുടെ സ്ഥിതിയും പൂർണമായി രഹസ്യമാക്കിവെക്കാം. അയാളെ പൊലീസിന് കായികമായി വകവരുത്താം. അതും ആരും അറിയണമെന്നില്ല. അതാണ് ഇന്നത്തെ സ്ഥിതി.

രാജ്യത്താകെ യോഗങ്ങളും പ്രകടനങ്ങളും നിരോധിക്കപ്പെട്ടിരിക്കയാണ്. കേരളത്തിൽ 144 പാസാക്കാത്ത ഒരു ജില്ലയുമില്ല. വില്ലേജുമില്ല. അതിനാൽ അഞ്ചിലധികം പേർക്ക് ഒന്നിച്ചുകൂടാൻ കഴിയില്ല. സിനിമാശാലകളിൽ രണ്ടാമത്തെ കളി നിർത്തിയിരിക്കുകയാണ്. കാരണം പലേടത്തും എട്ടുമണിക്കുശേഷം ആർക്കും റോഡിലിറങ്ങി നടന്നുകൂടാ. അതാണ് സ്ഥിതി.

ഗവൺമെന്റിനെയോ കോൺഗ്രസ് പാർട്ടിയെയോ കുറിച്ചുള്ള വിമർശനം അതെത്ര ലഘുവായാലും പ്രസിദ്ധീകരിക്കാൻ അനുവാദമില്ല. നിക്ഷിപ്ത താത്പര്യക്കാർ ജനങ്ങളെയോ, മുതലാളികൾ തൊഴിലാളികളെയോ, കൃഷിക്കാരെയോ കർഷകത്തൊഴിലാളികളെയോ മറ്റോ ചൂഷണം ചെയ്യുന്നത്- അതിൽ ഗവൺമെന്റിനെക്കുറിച്ച് എത്ര വിദൂരമായ വിമർശനമുണ്ടെങ്കിൽപ്പോലും -സംബന്ധിച്ച ഒരു വാർത്തയും പ്രസിദ്ധീകരിക്കാൻ അനുവാദമില്ല. ഉത്പാദനത്തിന് തടസ്സം വരുത്തുമെന്ന പേരിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും മറ്റും പ്രസ്ഥാനങ്ങളെ
പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല....

കമ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെയും മറ്റ് ഇടതുജനാധിപത്യ പാർട്ടികളുടെയും ആയിരക്കണക്കിന് നേതാക്കളെയും പ്രവർത്തകരെയും ഒരു ലക്കും ലഗാനുമില്ലാതെ അറസ്റ്റ് ചെയ്തത്, വലതു പിന്തിരിപ്പൻ പാർട്ടികൾക്കെതിരായി മാത്രമേ അടിയന്തരാവസ്ഥ ഉപയോഗിക്കൂ എന്ന കള്ളപ്രചാരണത്തെ തികച്ചും തുറന്നുകാട്ടിയിട്ടുണ്ട്. ജനങ്ങൾക്കെതിരെ പൊലീസിനെ കയറൂരിവിട്ടിരിക്കയാണ്. ഉദാഹരണത്തിന്, കേരളത്തിൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി, കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി മുതലായ പ്രതിപക്ഷ കക്ഷികളിൽ പെട്ട ആയിരക്കണക്കിന് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. അവരിൽ വലിയൊരു വിഭാഗത്തെ പൊലീസ് മൃഗീയമായി മർദിച്ചു. ഒരു എംഎൽഎ ജയിലിലാക്കപ്പെട്ടപ്പോൾ അയാളുടെ ലങ്കോട്ടി ഒഴിച്ചുള്ള മറ്റെല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റി എന്ന സംഭവത്തെപ്പറ്റി ഒരന്വേഷണം നടത്തണമെന്നു ഞാൻ പ്രധാനമന്ത്രിയോടു ആവശ്യപ്പെടുന്നു. അങ്ങനെയാണ് അവർ അദ്ദേഹത്തോട് പെരുമാറിയത്. എന്നോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉച്ചക്ക് ഒരു മണിക്ക് സബ് ഇൻസ്പെക്ടർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ലല്ലോ. മൂന്നും നാലും പേരടങ്ങുന്ന ബാച്ചുകളായി നിങ്ങൾ വരിക. ഞാൻ നിങ്ങളെ കൊണ്ടുപോകാം. അവരെ കൊണ്ടുപോയി, തല്ലി, വസ്ത്രാക്ഷേപം ചെയ്തു റോഡരികിലിട്ടേച്ചു പോയി.

അറസ്റ്റ് ചെയ്യപ്പെട്ട ഒരു എംഎൽഎ നഗ്നനാക്കപ്പെട്ടു എന്ന് കുറേ മുമ്പ് അസംബ്ലിയിൽ പ്രസ്താവിക്കപ്പെട്ടിരുന്നു. ലങ്കോട്ടിയും അഴിച്ചു മാറ്റപ്പെട്ടു റോഡരികിൽ നിൽക്കാൻ അദ്ദേഹം നിർബന്ധിതനായി. ഇതാണിവിടെ സംഭവിക്കുന്നത്. കാരണം അവിടത്തെ ആഭ്യന്തരമന്ത്രി ഒരു ദയാലുവാണ്. അദ്ദേഹം ആളുകളെ ജനിച്ചപടി കാണാനാഗ്രഹിക്കുന്നു. ജനങ്ങളും അത് കാണണമെന്നാണ് അദ്ദേഹത്തിന്റെ മോഹം. അതുകൊണ്ടാണവരെ അദ്ദേഹം നഗ്നരാക്കിയത്. ഇതാണിന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥ ഉണ്ട്. ചില(ഭരണഘടനാ) വകുപ്പുകൾ സസ്പെന്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. ഇതെല്ലാമുണ്ട്. എന്നാൽ, മാനുഷികമായ പരിഗണനകളൊന്നുമില്ലേ? പ്രതിപക്ഷത്തും മനുഷ്യജീവികളാണുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിരവധിപേരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട്, കെ എം ജോർജ്, ആർ ബാലകൃഷ്ണപിള്ള എംപി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. അവർക്ക് സി ക്ലാസേ നൽകിയുള്ളൂ. എന്നുമാത്രമല്ല, ബ്രിട്ടീഷു കോളനി ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ചീത്ത പെരുമാറ്റമാണ് അവരോടു പൊതുവെ കാണിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തും ഞങ്ങൾ ജയിലിലുണ്ടായിരുന്നിട്ടുണ്ട്. ബ്രിട്ടീഷുകാർ അങ്ങനെ പെരുമാറിയത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു. പക്ഷേ, ഇന്നത്തെ ഗവൺമെന്റ് ഇങ്ങനെ ചെയ്യുന്നതിന്റെ അർഥം ഞങ്ങൾക്ക് മനസിലാകുന്നില്ല. ഒട്ടുവളരെ രാഷ്ട്രീയനേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ജയിലിനകത്തും പുറത്തും വച്ച് മർദ്ദിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പൊരിക്കലും കേരളത്തിന് ഇതുപോലെ ചങ്കും പൊങ്കുമില്ലാത്തതും, മൃഗീയവും അനിയന്ത്രിതവുമായ പൊലീസ് നടപടിക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല. ഇതുപോലെ പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, യു പി, ഹിമാചൽ പ്രദേശ് മുതലായ സംസ്ഥാനങ്ങളിലും സി പി ഐ(എം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അമ്പരിപ്പിക്കുന്ന റിപ്പോർട്ടുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഉദാഹരണത്തിന്, ഞാൻ നേരത്തെ പറഞ്ഞതുപോലെ കേരളത്തിൽ ചിലേടങ്ങളിൽ പൊലീസ് രാഷ്ട്രീയത്തടവുകാരെ നഗ്നരാക്കി അവരോട് പൈശാചികമായി പെരുമാറി.

(അടിയന്തരാവസ്ഥയെ ശരിവയ്ക്കാൻ വിളിച്ചുകൂട്ടിയ പാർലമെന്റിന്റെ അടിയന്തര സമ്മേളനത്തിൽ അടിയന്തരാവസ്ഥയെ എതിർത്തുകൊണ്ട് 1975 ജൂലായ് 21ന് എ.കെ.ജി നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പ്രസക്തഭാഗം)
 

Share